ശ്രീഹരിക്കോട്ട: നാവിക സേനയ്ക്കായുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിയെന്ന് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി.
വൈകുന്നേരം 5.26നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണതറയിൽ നിന്ന് സിഎംഎസ് 03 ഉപഗ്രഹവുമായി എൽവിഎം മൂന്ന് കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് അധികം വൈകാതെ സിഎംഎസ് 03 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേര്‍പ്പെട്ടു.
ഉപഗ്രഹത്തിന്റെ ചിത്രങ്ങളടക്കം ഐഎസ്ആർഒ രഹസ്യമാക്കിയിരിക്കുകയാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങള്‍ ഐഎസ്ആർഓ അതീവരഹസ്യമായി സൂക്ഷിക്കുകയാണ്.
ലോഞ്ച് ബ്രോഷറിലും ഉപഗ്രഹ വിവരങ്ങൾ നൽകിയിട്ടില്ല. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് സിഎംഎസ് 03. ഇന്ത്യൻ മണ്ണിൽ നിന്ന് ജിയോസിംക്രണസ് ഓർബിറ്റിലേക്കയക്കുന്ന എറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്.
ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം സുരക്ഷിതമായ വോയിസ്, വീഡിയോ, ഡാറ്റാ ലിങ്കുകൾ ലഭ്യമാക്കുന്നതിനായി ഇതിൽ യുഎച്ച്എഫ്,എസ്,സി,കെയു ബാൻഡ് പേലോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.